'നീയും സ്ത്രീയും തമ്മിലും, നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും, നീ അവന്റെ കുതികാലിൽ പരിക്കേല്പിക്കും' (ഉത്. 3:15) എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ അയച്ചു. അവൻ സ്ത്രീയിൽ നിന്നും ജാതനായി. നിയമത്തിന് അധീനനായി ജീവിച്ചു. ... അങ്ങനെ നിയമത്തിന് അധീനനായി കഴിഞ്ഞവരെ വിമുക്തരാക്കി (ഗലാ 4:9).1) പാപത്തിനു പരിഹാരം ആവശ്യമാണ്. മനുഷ്യൻ ചെയ്ത പാപത്തിന് ഉചിതമായ പരിഹാരം ആർക്കാണ് ചെയ്യാൻ സാധിക്കുക. അനന്തനന്മയായ (infinite good) ദൈവത്തിനെതിരെ പരിമിതനായ മനുഷ്യനാണ് (finite being) പാപം ചെയ്‌തെങ്കിലും പാപത്തിന്റെ മൂല്യം അപരിമിതമാണ്. (infinite evil) ഇനി പരിഹാരത്തിന്റെ കാര്യം വരുമ്പോൾ ആരു പരിഹാരം ചെയ്യുന്നുവോ അതിനനുസരിച്ചാണു പരിഹാരത്തിന്റെ മൂല്യം അളക്കുക. പരിമിതനായ മനുഷ്യൻ ചെയ്യുന്ന പരിഹാരത്തിന് പരിമിതമായ മൂല്യമേയുള്ളൂ. അതിനാൽ മനുഷ്യന്റെ പതനത്തിനു കാരണമായ പാപത്തിന് (ദൈവനിഷേധനത്തിന്) ഒരിക്കലും മനുഷ്യന് ഉചിതമായ പരിഹാരം ചെയ്യുക സാധ്യമല്ല. മനുഷ്യന് ഒരിക്കലും തന്റെ പ്രവൃത്തികൾ വഴി പാപംമൂലം നഷ്ടപ്പെട്ട ദൈവമഹത്വം വീണ്ടെടുക്കാനാവില്ല. അതിനാലാണ് സ്‌നേഹപിതാവായ ദൈവം പറുദീസായിൽ മനുഷ്യൻ പാപംചെയ്ത് അധഃപതിച്ച ഉടൻ മനുഷ്യനു രക്ഷകനെ വാഗ്ദാനം ചെയ്തത്. (ഉത്. 3:15).
പാപം ചെയ്യാത്തവന് മാത്രമേ പാപത്തിനു പരിഹാരം ചെയ്യുവാന് സാധിക്കുകയുള്ളൂ. ആരാണു പാപമില്ലാത്തവൻ, യേശു പറഞ്ഞു: 'നിങ്ങളിൽ ആര്ക്ക് എന്നിൽ പാപം തെളിയിക്കുവാൻ സാധിക്കും' (യോഹ:8:46)' പാപം ചെയ്യുന്നവന്പാപത്തിനു അടിമയാണ്.അടിമ എക്കാലവും ഭവനത്തിൽ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു.അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകും (യോഹ:8:34/36). അതിനാൽ പാപമില്ലാത്ത യേശുവിനു മാത്രമേ നമ്മെ പാപത്തിൽ നിന്നും മോചിപ്പിക്കുവാൻ സാതിക്കുകയുള്ളു .
2) മിശിഹായിൽ ദ്വിവിധ മോചനം
1. രക്തം ചിന്താതെ പാപമോചനമില്ല. (ഹെബ്രാ. 9: 22)
പാപപരിഹാരദിനം (ലേവ്യ. 16)
പഴയനിയമകാലത്ത് പാപപരിഹാരദിനത്തിൽ കന്നുകുട്ടികളെയും കോലാടുകളെയും കൊന്ന് ബലിയർപ്പിക്കുകയും അവയുടെ രക്തം പാപപരിഹാരാർത്ഥം തളിക്കപ്പെടുകയും ചെയ്യുമായിരുന്നു. എന്തെന്നാൽ ശരീരത്തിന്റെ ജീവൻ രക്തത്തിലാണ് ഇരിക്കുന്നത്. അതു ബലിപീഠത്തിന്മേൽ ജീവനുവേണ്ടി പാപപരിഹാരം ചെയ്യാൻ ഞാൻ നല്കിയിരിക്കുന്നു. അതിൽ ജീവൻ ഉള്ളതുകൊണ്ട് രക്തമാണ് പാപപരിഹാരം ചെയ്യുന്നത്. (ലേവി. 17:11)
എന്നാൽ എബ്രായ ലേഖകൻ അസന്നിഗ്ദമായി പഠിപ്പിക്കുന്നു. 'കാളകളുടെയോ കോലാടുകളുടെയോ രക്തത്തിനു പാപങ്ങൾ നീക്കുവാൻ സാധിക്കുകയില്ല. (ഹെബ്രാ. 10:4) എന്നാൽ വരാനിരിക്കുന്ന നന്മകളുടെ പ്രധാനപുരോഹിതനായ ക്രിസ്തു എന്നേയ്ക്കുമായി വിശുദ്ധ സ്ഥലത്ത് പ്രവേശിച്ചത് (ശ്രീകോവിലിൽ) കുഞ്ഞാടുകളുടെയോ കാളക്കിടാങ്ങളുടെയോ രക്തവുമായല്ല. സ്വന്തരക്തവുമായാണ്. അങ്ങനെ നിത്യരക്ഷസാധിക്കുകയും ചെയ്തു. (ഹെബ്രാ. 9:11-12) 'നിങ്ങൾ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വർണ്ണമോ കൊണ്ടല്ല, കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റെപോലുള്ള ക്രിസ്തുവിന്റെ അമൂല്യമായ രക്തം കൊണ്ടത്രേ. (1 പത്രോ. 1:19-19).
അവിടുത്തെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തം എല്ലാ പാപങ്ങളിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു. (1 യോഹ. 1:17)
യേശുവിന്റെ പാപവിമോചനരക്തം മൂന്നുതലത്തിൽ നമ്മിൽ പ്രവർത്തിക്കുന്നു
1) ഈശോയുടെ തിരുരക്തം പാപം മൂലം നഷ്ടപ്പെട്ട ദൈവമഹത്വം വീണ്ടെടുക്കുന്നു.
എല്ലാവരും പാപം ചെയ്ത് ദൈവമഹത്വത്തിന് അയോഗ്യനായി. (റോമ. 3:23)
ലെവ്യ. 16: പാപപരിഹാരദിനത്തിൽ പ്രധാനപുരോഹിതൻ മാത്രമാണ് ദൈവത്തിന്റെ സിംഹാസനം അതിവിശുദ്ധ സ്ഥലവുമായി ഇസ്രായേൽ ജനം കരുതിയിരുന്ന അതിവിശുദ്ധസ്ഥലമായ ശ്രീകോവിൽ പ്രവേശിക്കുകയും അവിടെ പാപപരിഹാരാർത്ഥം രക്തം സമർപ്പിക്കുകയും ചെയ്തിരുന്നത്.
പ്രധാനപുരോഹിതൻ തനിച്ച് അതിവിശുദ്ധ സ്ഥലത്ത് (ശ്രീകോവിൽ) പ്രവേശിക്കുകയും പാപപരിഹാരത്തിനു മൃഗരക്തം സമർപ്പിക്കുകയും ദൈവം അതു സ്വീകരിക്കുകയും ചെയ്യുന്നു. ശ്രീകോവിലിൽ പ്രധാനപുരോഹിതനും ദൈവവും തനിച്ചുള്ള ഒരു കൈമാറ്റമായിരുന്നു നടത്തിയിരുന്നത്. ഇതുവഴി പാപപ്പൊറുതി ലഭിക്കുവാനായി പുറത്തുകാത്തുനിന്നിരുന്ന യഹൂദജനത്തിന് ആ കർമ്മത്തിൽ ഒരു പങ്കും നിർവ്വഹിക്കുവാനുണ്ടായിരുന്നില്ല. ഇവിടെ പ്രധാനപുരോഹിതൻ മഹാപുരോഹിതനായ മിശിഹായുടെ പ്രതിരൂപമായിരുന്നു. 'എന്നാൽ വരാനിരിക്കുന്ന നന്മകളുടെ പ്രധാനപുരോഹിതനായ ക്രിസ്തു എന്നേയ്ക്കുമായി വിശുദ്ധ സ്ഥലത്ത് പ്രവേശിച്ചത് കോലാടുകളുടെയോ കാള കിടാക്കളുടെയോ രക്തവുമായല്ല, സ്വന്തം രക്തവുമായാണ്. അങ്ങനെ നിത്യരക്ഷ സാധിക്കുകയും ചെയ്തു. (ഹെബ്രാ. 9:11-12) രക്തം പ്രഥമവും പ്രധാനവുമായി പാപം മൂലം നഷ്ടപ്പെട്ട ദൈവമഹത്വം വീണ്ടെടുക്കുന്നതിനു വേണ്ടി ദൈവത്തിനു സമർപ്പിക്കുവാനുള്ളതാണെന്ന് വ്യക്തമാക്കുന്നു.
ഇതുതന്നെയാണ് ഇസ്രായേൽ ജനത്തിന്റെ കടന്നുപോകൽ അവസരത്തിലും വ്യക്തമാക്കുക. രക്തം കാണുമ്പോൾ ഞാൻ കടന്നുപോകും. (പുറ 12:13) ബലിയർപ്പിക്കപ്പെടുന്ന കുഞ്ഞാടിന്റെ മാംസം അവർക്കു ഭക്ഷിക്കാം. എന്നാൽ കുഞ്ഞാടിന്റെ രക്തം ദൈവത്തിനുവേണ്ടി കട്ടിളപ്പടിയിൽ തളിച്ചിരിക്കണം. രക്തം കാണുമ്പോൾ അവൻ കടന്നുപോകും. ഇസ്രായേൽ ജനം രക്ഷിക്കപ്പെടും. രക്തം ദൈവത്തിന് - ജനത്തിന്റെ രക്ഷയ്ക്കുവേണ്ടി, മിശിഹാ കുരിശിൽ ചിന്തിയ പാപവിമോചനവും അമൂല്യമായ രക്തം സ്വർഗ്ഗീയ ജറുസലേമിൽ ദൈവത്തിനു സമർപ്പിക്കുകയും പാപം മൂലം നഷ്ടപ്പെട്ട ദൈവമഹത്വം വീണ്ടെടുക്കപ്പെടുകയും ചെയ്തു.
2) ഈശോയുടെ തിരുരക്തം പാപം ചെയ്തു കഠിനമായ നമ്മുടെ ഹൃദയത്തെയും ദുഷിച്ച മനസ്സിനെയും മനസ്സാക്ഷിയെയും വിശുദ്ധീകരിക്കുന്നു.
പാപം മൂലം ഹൃദയം മറ്റെന്തിനേക്കാളും കാപട്യമുള്ളതാണ്. ശോചനീയാമാംവിധം ദുഷിച്ചതുമാണ്. (ജെറ. 19:9) പാപം മൂലം ശിലാതുല്യമായ നമ്മുടെ ഹൃദയത്തെ മാറ്റി പുതിയ ഹൃദയം നല്കുമെന്ന ദൈവത്തിന്റെ വാഗ്ദാനം 'ഒരു പുതിയ ഹൃദയം നിങ്ങൾക്കു ഞാൻ നല്കും. ഒരു പുതു ചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും. നിങ്ങളുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസള ഹൃദയം നല്കും. (എസക്കി. 36:26) മിശിഹാ ചിന്തിയ രക്തത്തിലൂടെ അവിടുന്നു നിറവേറ്റി. പാപം ചെയ്തുപോയി'' (ലൂക്കാ. 15:18) എന്ന മാനസികാവസ്ഥയിൽ നിന്നും അതു ഉളവാക്കുന്ന കുറ്റബോധത്തിൽ നിന്നും മിശിഹായുടെ തിരുരക്തം നമുക്ക് മോചനം നല്കുന്നു. യേശുവിന്റെ രക്തം മൂലം വിശുദ്ധ സ്ഥലത്തേയ്ക്കു പ്രവേശിക്കുവാൻ നമുക്ക് മനോധൈര്യമുണ്ട്. അതിനാൽ വിശ്വാസത്തിന്റെ ഉറപ്പുള്ള സത്യഹൃദയത്തോടെ നമുക്ക് അടുത്തുചെല്ലാം. അവിടുത്തെ രക്തം ദുഷ്ടമനസ്സാക്ഷിയിൽനിന്നും നമ്മെ വെടിപ്പാക്കിയിരിക്കുന്നു. (ഹെബ്രാ. 10:22) മിശിഹായുടെ രക്തം മൂലം പാപചിന്തയില്ലാത്ത മനസ്സാക്ഷിയുടെ ഉടമയാകുന്നു നാം. (ഹെബ്രാ. 10:2) ദാവീദ് സങ്കീർത്തകൻ പറയുന്നതുപോലെ 'കർത്താവ് കുറ്റംചുമത്താത്തവൻ ഭാഗ്യവാൻ' (റോമ 4:8) എന്ന അനുഭവത്തിലേക്ക് മിശിഹായുടെ രക്തം നമ്മെ നയിക്കുന്നു.
3) രാപകൽ ദൈവസമക്ഷം നമ്മെ ദുഷിക്കുകയും പഴിചാരുകയും ചെയ്യുന്ന പിശാചിൽനിന്നും തിരുരക്തം നമ്മെ രക്ഷിക്കുന്നു. (വെളി 12:10)
കുറ്റാരോപണത്തിൽ വിരുതനും അഗ്രഗണ്യനുമായ പിശാച് (Satan the Accusar Par Excellence) ദ്രോഹബുദ്ധിയോടും നശീകരണമനോഭാവത്തോടും ദൈവത്തിന്റെ മുമ്പിൽ അവന്റെ സകലസൃഷികളെയും തകർക്കണം എന്ന മനോഭാവത്തോടെ സകല സൃഷ്ടികളെയും ദുഷിപ്പിക്കുകയും പഴിപറയുകയും ചെയ്തുകൊണ്ടിരിക്കുന്നു.
പാപംചെയ്ത് ദൈവമഹത്വം നഷ്ടപ്പെടുത്തിയ (റോമ. 3:23) മനുഷ്യനോടു ദൈവത്തിന് നേരിട്ടു ബന്ധപ്പെടുവാൻ സാധിക്കുകയില്ല. പാപം അവിടെ തടസ്സമായി നില്ക്കുന്നു. എന്നാൽ പ്രധാന പുരോഹിതനായ മിശിഹാ സ്വന്തം രക്തത്താൽ അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കുകയും നമ്മുടെ രക്ഷ സാധിക്കുകയും ചെയ്തു. (ഹെബ്രാ. 9:11-12) ഇവിടെ മിശിഹായുടെ പാപവിമോചകമായ തിരുരക്തം പിശാചിനെ നിശബ്ദനാക്കുന്നു. അവിടുത്തെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തം എല്ലാ പാപങ്ങളിലും നിന്ന് നമ്മെ ശുദ്ധീകരിക്കുന്നു. (1 യോഹ 1:7) അവിടുത്തെ പുത്രന്റെ രക്തം എല്ലാ പാപത്തിൽ നിന്നും നമ്മെ വിശുദ്ധീകരിക്കുന്നെങ്കിൽ പിന്നെ സാത്താനു നമ്മെ പഴിക്കുവാൻ അടിസ്ഥാനമില്ല. ''ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആരു നമ്മുടെ എതിരുനില്ക്കും. .......ദൈവം തിരഞ്ഞെടുത്തവരുടെ മേൽ ആരു കുറ്റമാരോപിക്കും. നീതീകരിക്കുന്നവൻ ദൈവവമാണ്. ആരാണു വിധി നടത്തുക? മരിച്ചവരെങ്കിലും ഉത്ഥാനം ചെയ്തവനും ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നവനും നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നവനുമായ യേശുക്രിസ്തുതന്നെ. (റോമ 8:33-34) മിശിഹാ സ്വന്തരക്തത്താൽ നമ്മുടെ രക്ഷ സാധിച്ചു. (ഹെബ്രാ. 9:11-13) എന്നുമാത്രമല്ല കഴിഞ്ഞ രണ്ടായിരം വർഷമായ അവൻ ദൈവത്തിനുമുമ്പിൽ നമ്മുടെ മധ്യസ്ഥനാണ്. അവൻ എല്ലാവർക്കും വേണ്ടി തന്നെതന്നെ മോചനദ്രവ്യമായി നല്കി. (1 തിമോ. 1:6) അവൻ നമ്മുടെ പാപങ്ങൾക്കു പരിഹാരബലിയാണ്. 1 യോഹ. 1:1-2) അവിടുത്തെ തിരുരക്തം ''നമ്മുടെ അനന്തകരണത്തെ എത്രയധികമായി വിശുദ്ധീകരിക്കുകയില്ല (ഹെബ്രാ. 9:14)
നിർദ്ദേശങ്ങൾ:
ഈശോയുടെ പാപവിമോചകമായ അമൂല്യരക്തം മൂന്നുതലത്തിൽ പ്രവർത്തിക്കുന്നു.
1) ഈശോയുടെ തിരുരക്തം ദൈവോന്മുഖമായി പ്രവർത്തിക്കുകയും പാപംമൂലം നഷ്ടപ്പെട്ട ദൈവമഹത്വം വീണ്ടെടുക്കുകയും ചെയ്യുന്നു.
2) മനുഷ്യോന്മുഖമായി പ്രവർത്തിക്കുകയും നമ്മുടെ മനസാക്ഷിയെ കളങ്കരഹിതമാക്കുകയും ചെയ്യുന്നു.
3) സാത്താനെതിരായി പ്രവർത്തിക്കുകയും അവന്റെ ആരോപണത്തിൽനിന്നും നമ്മെ രക്ഷിക്കുകയും ചെയ്യുന്നു.
ഇപ്രകാരം ഈശോ കുരിശിൽ ചിന്തിയ പാപവിമോചകമായ തിരുരക്തത്തിന്റെ അമൂല്യയോഗ്യതനാം മനസ്സിലാക്കുകയും ഓരോ നിമിഷവും നാം നമ്മെത്തന്നെ ഈശോയുടെ തിരുരക്തത്തിനുനല്കി വിശുദ്ധീകരിക്കുകയും ഈശോയുടെ തിരുരക്തത്തിന്റെ പ്രത്യേക സംരക്ഷണത്തിൽ നമ്മെത്തന്നെ സമർപ്പിക്കുകയും ചെയ്യണം. 'വിശ്വാസം വഴി സംലബ്ധമാകുന്ന രക്തം കൊണ്ടുള്ള പരിഹാരമായി ദൈവം അവനെ നിശ്ചയിച്ചിരുന്നു (റോമാ 3:15). ആകയാൽ ഇപ്പോൾ അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ട നാം അവൻമൂലം ക്രോധത്തിൽ നിന്നും രക്ഷിക്കപ്പെടുമെന്നു തീർച്ചയാണല്ലോ (റോമാ 5:9).
ഓ, ദൈവതിരുമുമ്പിൽ അവിടുത്തെ പുത്രനായ മിശിഹായുടെ തിരുരക്തത്തിന്റെ അമൂല്യത നാം മനസ്സിലാക്കിയിരുന്നെങ്കിൽ നമുക്കു ലഭിക്കുന്ന മോചനത്തിന്റെ അനുഭവം അവർണ്ണനീയമാകുമായിരുന്നു.

