Jan 11, 2014

വരുവിൻ നമുക്ക് അവിടുത്തെ ആരാധിക്കാം

നിത്യാരാധനാകേന്ദ്രം
പവിഴമല - Pearl Mount - 2

1) ഒരു സ്വപ്‌നസാക്ഷാത്കാരം

പാലപ്ര ഇടവകയ്ക്കുള്ളിൽ ഒറ്റപ്പെട്ടുകിടക്കുന്ന, നാനാജാതിമതസ്ഥർ താമസിക്കുന്നതുമായ പവിഴമലയിൽ വി. കുർബാന അർപ്പിക്കുവാൻ ഒരു ദേവാലയം ഉണ്ടാകണമെന്നും അതിന് ഒരുക്കമായി അവിടെ ഒരു കുരിശെങ്കിലും സ്ഥാപിക്കണമെന്നും വളരെക്കാലമായി അവിടെയുള്ളവർ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നതാണ്. എന്നാൽ പഴുമലക്കാർ പിന്നോക്കം നിൽക്കുന്നവരായതുകൊണ്ടും, അവിടെ സ്ഥലം കിട്ടാനില്ലാത്തതുകൊണ്ടും, ഉള്ളതിന് വലിയ വിലകൊടുക്കേണ്ടതുള്ളതുകൊണ്ടും അവരുടെ ആഗ്രഹം ഒരു സ്വപ്‌നമായിത്തന്നെ അവശേഷിച്ചു.

അങ്ങനെയിരിക്കെയാണ് 2013 മെയ്മാസം 14ന് രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പിതാവ് പുതുക്കിയ പാലപ്ര ദൈവാലയത്തിൽ ദിവ്യബലിയർപ്പിച്ച് ദൈവത്തിന് സമർപ്പിക്കുന്നതിനും കുട്ടികൾക്ക് പ്രാരംഭകൂദാശകൾ നൽകുന്നതിനുമായി ഇടവക സന്ദർശിച്ചത്. വി. കുർബാന മദ്ധ്യേയുള്ള സുവിശേഷ സന്ദേശത്തിൽ പഴുമലയെ പ്രത്യേകം അനുസ്മരിക്കുകയുണ്ടായി. അതിനുശേഷം പഴുമലക്കാർ നിർബന്ധപൂർവ്വം ആവശ്യപ്പെട്ടതനുസരിച്ചാണ് നമുക്കായി അവിടെ അല്പം സ്ഥലം ലഭ്യമാക്കുന്നതിനെക്കുറിച്ച് ഗൗരവമായി പഠനം നടത്തിയത്. അതനുസരിച്ചാണ് സെന്റിന് ഒന്നേകാൽ ലക്ഷം രൂപ വിലവെച്ച് ഒരു സ്ഥലക്കച്ചവടക്കാരൻ അഡ്വാൻസ് തുക നൽകി എഴുതി വാങ്ങിയതും നമുക്കേറ്റവും പറ്റിയതുമായ സ്ഥലം നമുക്ക് ലഭ്യമാകുമെന്ന് ഉറപ്പുവരുത്തിയത്. എല്ലാവരുടെയും പ്രാർത്ഥനാ സഹായത്താൽ ആഗസ്റ്റുമാസം 30ന് പവിഴമലയുടെ ഹൃദയഭാഗത്ത് ദൈവാലയം നിർമിക്കുന്നതിനു പറ്റിയ 25 സെന്റുസ്ഥലം ആധാരം ചെയ്തുവാങ്ങാൻ സാധിച്ചു. പവിഴമലക്കാരുടെ സ്വപ്‌നത്തിന്റെ ആദ്യഗഡു സാക്ഷാത്കരിക്കപ്പെട്ടു.

2) പുതിയ സ്ഥലത്ത് കുരിശ് സ്ഥാപിക്കുന്നു.

പുതുതായി വാങ്ങിയ സ്ഥലത്ത് ഒരു കുരിശ് സ്ഥാപിക്കുവാൻ ഏറ്റവും ഉചിതമായ അവസരം സെപ്റ്റംബർ മാസത്തിൽ വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനോടനുബന്ധിച്ചാണെന്നു മനസ്സിലാക്കി അതിനുള്ള തീവ്ര ശ്രമത്തിൽ ഏർപ്പെട്ടു. സ്ഥലത്തിന്റെ നടുഭാഗത്ത് വഴിയരുകിൽ സിവിൽ അധികാരികളുടെ നിർദ്ദേശപ്രകാരം 3 മീറ്റർ ഉള്ളിലേക്ക് മാറ്റി സ്ഥലം നിരപ്പാക്കി അവിടെ അഞ്ചടി ഉയരമുള്ള കരിങ്കൽ പീഠം പണിത്, നേരത്തെ പാലപ്ര പള്ളി മുറ്റത്ത് പണിതുവച്ചിരുന്ന 5 അടി വലുപ്പമുള്ള മാർത്തോമ്മാകുരിശ് സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാക്കി. ഏകദേശം 250 Kg. ഭാരമുള്ള കോൺക്രീറ്റ് കുരിശ് എങ്ങനെ പൊക്കിയെടുത്ത് പീഠത്തിന്മേൽ സ്ഥാപിക്കും എന്ന് ആലോചിക്കുമ്പോൾ ഒരു ദൈവനിയോഗമെന്നപോലെ അതുവഴി തടിപിടിക്കുവാൻ വന്ന ക്രെയിൻ, കുരിശ് അനായാസം തൂക്കിയെടുത്ത് പീഠത്തിന്മേൽ വെച്ചുതന്നു. പെയിന്റിംഗ് ഉൾപ്പെടെ എല്ലാ പണികളും പൂർത്തിയാക്കി സെപ്റ്റംബർ 13ന് വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ തലേദിവസം വി. കുരിശിന്റെ റംസാപ്രാർത്ഥനയോടെ കുരിശ് അവിടെ സ്ഥാപിക്കുകയും ചെയ്തു.

അതിനോടു ചേർന്ന് പവിഴമല മാതാവിന്റെ ഒരു ചിത്രവും പീഠത്തിൽ സ്ഥാപിക്കപ്പെട്ടു. പവിഴമല പ്രദേശത്തുള്ള നാനാജാതി മതസ്ഥരായ എല്ലാ ആൾക്കാരുംതന്നെ പ്രാർത്ഥനയിലും  തുടർന്നുള്ള സ്‌നേഹവിരുന്നിലും പങ്കെടുത്തു. കുരിശിന്റെ സന്ദേശമോ ഉദ്ധിതനായ മിശിഹായുടെ പ്രകാശമോ എത്താത്ത സ്ഥലത്ത് അതിന് ഏറ്റവും ഉചിതമായ ദിവസം വി. കുരിശിന്റെ പുകഴ്ചയുടെ സായാഹ്ന പ്രാർത്ഥനയോടെ ഉത്ഥിതനായ മിശിഹായുടെ പ്രതീകമായ മാർത്തോമ്മാ കുരിശ് സ്ഥാപിക്കാൻ സാധിച്ചത് ദൈവത്തിന്റെ പ്രത്യേക നിയോഗവും ഇടപെടലും മൂലമാണെന്ന് എല്ലാവരും വിശ്വസിക്കുന്നു. അവിടെ സ്ഥാപിതമായ കുരിശിലൂടെ പവിഴമല മാതാവിന്റെ പ്രത്യേക മാധ്യസ്ഥത്തിൽ ദൈവകൃപ ആ പ്രദേശത്തേത്ത് പെയ്തിറങ്ങട്ടേയെന്നു പ്രത്യാശിച്ചു പ്രാർത്ഥിക്കാം.

3)  പവിഴമലയിൽ ഒരു ആരാധനാലയം. 

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ സഭാശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കുന്ന ഈ കാലയളവിൽ സഭാശുശ്രൂഷയിൽ അജപാലകർക്കുണ്ടായിരിക്കേണ്ട മനോഭാവങ്ങളുടെ മാറ്റത്തെക്കുറിച്ച് പാപ്പാ വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. നമ്മുടെ ഹൃദയത്തിലിരുന്ന് വാതിൽ മുട്ടിത്തുറന്ന് സാധുക്കളുടെയും നിരാലംബരുടെയും ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് ദൈവസ്‌നേഹം പങ്കുവെയ്ക്കാനാഗ്രഹിക്കുന്ന മിശിഹായെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ വ്യക്തമായ ഒരു ചിത്രം നമുക്ക് വരച്ചുകാട്ടിത്തരുന്നുണ്ട്. പഴുമലയിൽ മലനാടുഡവലെപ്‌മെന്റ് സൊസൈറ്റിയും (MDS) പാറത്തോട് പഞ്ചായത്തും ചേർന്ന് നിർമിച്ചുകൊടുത്ത പുനരധിവാസ കോളനിയിലെ വീടുകളും അംബേദ്ക്കർ അരയ് കോളനിയിലെ വീടുകളും ഉൾപ്പെടുന്നു. ഇതിനിടയിലാണ് ഈ ഇടവകക്കാരായ 17 വീട്ടുകാരും പൊടിമറ്റം, ചേറ്റുതോട് ഇടവകക്കാരായ കുറയെ കുടുംബങ്ങളും ഉള്ളത്. അവരുടെയിടയിൽ ദരിദ്രരും കാലുപഴുത്ത് മുറിച്ച രോഗികളും, കാലിൽ വ്രണം വന്ന് നടക്കുവാൻ ബുദ്ധിമുട്ടുന്നവരും ഹൃദ്രോഹബാധിതരുമെല്ലാമുണ്ട്. ഇവരെല്ലാവരുംതന്നെ താഴ്ന്ന വരുമാനക്കാരാണ്. (Below Average). ഇറങ്ങിച്ചെല്ലുവാനും കയറി വരുവാനും സാധിക്കാത്തവിധം അത്രദുഷ്‌ക്കരമായ സാഹചര്യത്തിലാണ് ചിലരെങ്കിലും ജീവിക്കുക.

500 ഏക്കറോളം വരുന്ന പഴുവത്തേടം എസ്റ്റേറ്റിന്റെ അതിർത്തികാണിക്കുന്ന റോഡും തോടും കടന്നാണ് ജനവാസമുള്ള പഴുമലയിൽ എത്തുക. പാലപ്ര ഇടവക വികാരിയായിരുന്നുകൊണ്ട് അത്രയ്ക്കു ദൂരെപ്പോയി അവരെ പരിഗണിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ട് ഇത്രയും കാലം അവർ അവഗണിക്കപ്പെട്ടുകിടന്നു. ഇനി അവരെ അവഗണിക്കുക പാപമാണെന്നും ഫ്രാൻസിസ് പാപ്പ വ്യക്തമാക്കുന്നുണ്ടല്ലൊ?  അതിനാലാണ്, വികാരിക്കടുത്ത ശുശ്രൂഷയിൽ നിന്നും വിരമിക്കുമ്പോൾ ആരോഗ്യം അനുവദിക്കുന്ന അത്രയും കാലം പഴുമലയിൽ ഒരു ആരാധനാലയം സ്ഥാപിച്ച് അവരോടൊപ്പം ജീവിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ട് അവരുടെ ആദ്ധ്യാത്മികവും ഭൗതീകവുമായ പുരോഗതിക്കായി പരിശ്രമിക്കണം എന്ന് ഞാനാഗ്രഹിക്കുക.

4) ആരോഗ്യം, ജീവിതം

2013 ആഗസ്റ്റുമാസം 17ന് എനിക്ക് 75 വയസ്സ് പൂർത്തിയായി. ദൈവകൃപയാൽ ഞാൻ ഇന്നും ആരോഗ്യവാനാണ്. എന്റേത് ലളിതമായ ജീവിതശൈലിയാണ്. വർഷങ്ങളായി ഞാൻ പൂർണ്ണമായും സസ്യാഹാരമാണ് കഴിക്കുക. എനിക്കുള്ള ആഹാരം എനിക്കുതന്നെ പാചകം ചെയ്യുവാനുള്ളതെയുള്ളു. ഔദ്ദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നവർക്കുള്ള അലവൻസ് ലഭിച്ചാൽ എന്റെ അനുദിന ജീവിതത്തിന് അതു മതിയാകും. വികാരിയായ കാലം മുതൽ പള്ളിമുറിയിൽ ഞാൻ തനിച്ചാണ് താമസിക്കുക. എനിക്കതിന് ബുദ്ധിമുട്ടില്ല.

5)  ഉപസംഹാരം

എന്റെ പിതൃസ്വത്തിൽ നിന്നും എനിക്കുള്ള അവകാശത്തിന്റെ ഒരു ഭാഗം ചിലവഴിച്ചാണ് ഞാൻ പവിഴമലയിൽ സ്ഥലം വാങ്ങിയത്. അത് പവിഴമലയിൽ ആരാധനാലയം പണിയുന്നതിനായി നിരൂപാധികം പാലപ്ര ഇടവകയ്ക്കു ആധാരം ചെയ്തുകൊടുക്കുകയും ചെയ്തു.  ഇനി അവിടൊരു ആരാധനാലയവും, ഒരു ലളിതമായ താമസ സൗകര്യവും ഉണ്ടാക്കണം. അതിന് എല്ലാവരുടെയും പ്രാർത്ഥനാ സഹായവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

Stanyachan


Sep 10, 2013

Venite Adoremus, O Come Let Us Adore The Lord - 2

വരുവിൻ നമുക്ക് അവിടുത്തെ ആരാധിക്കാം
നിത്യാരാധനാകേന്ദ്രം

യഥാർത്ഥമായ ആരാധന

1. ഞങ്ങൾ അവിടുത്തെ ആരാധിക്കാൻ വന്നിരിക്കുന്നു (മത്താ. 2:2)

 ഹേറോദേസ് രാജാവിന്റെ കാലത്ത് യൂദയായിലെ ബേദ്‌ലഹേമിൽ യേശു ജനിച്ചപ്പോൾ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികൾ ജെറുസലേമിലെത്തി. അവർ അന്വേഷിച്ചു. എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ? ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കുന്നു. ..... അവർ ഭവനത്തിൽ പ്രവേശിച്ച് യേശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ടാരാധിക്കുകയും ചെയ്തു. നിക്ഷേപപാത്രങ്ങൾ തുറന്ന് പൊന്നും കുന്തിരിക്കവും മീറയും സമർപ്പിച്ചു. അവർ മറ്റൊരു വഴിയെ സ്വദേശത്തേയ്ക്കു പോയി. (മത്താ. 2: 1-2) അവർ അവരെയും അവർക്കുള്ളതിനെയും അവരുടെ ആഗ്രഹത്തെയും പൂർണ്ണമായും നിരുപാധികമായും മിശിഹായുടെ തൃപ്പാദത്തിങ്കൽ സമർപ്പിച്ചു. ഈ സമർപ്പണമാണ് യഥാർത്ഥമായ ആരാധന. അതുവഴി അവർ ആയിരിക്കേണ്ട അവസ്ഥയിൽ എത്തിച്ചേർന്നു. അവർ മറ്റൊരു വഴിയെ പോയി എന്നു സുവിശേഷത്തിൽ പറയുമ്പോൾ അവർ വന്നതുപോലെയല്ല, മിശിഹായിൽ പുതിയ മനുഷ്യരായി തീർന്നു തിരിച്ചു പോയി എന്നാണ് മനസ്സിലാക്കേണ്ടത്. അവർ നിയമത്തിലെ ആദ്യത്തെ വിശുദ്ധരായി. അപ്പത്തിന്റെ ഭവനമായ ബേത്‌ലഹേമിൽ ജനിച്ചു നമ്മോടൊപ്പമായിരിക്കുവാനും നമുക്ക് ആത്മീയ ഭക്ഷണമാകുവാനും സ്വയം അപ്പമായിത്തീർന്ന മിശിഹായെ അപ്പത്തിൽ (ദിവ്യകാരുണ്യത്തിൽ) നമുക്കാരാധിക്കാം നമുക്കു പുതിയ മനുഷ്യരായിത്തീരാം.

2. ബഥനിയായിലെ തൈലാഭിഷേകം

 അവൻ ബഥാനിയായിൽ കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കവേ, ഒരുവെങ്കൽ ഭരണിനിറയെ വിലയേറിയ ശുദ്ധ നാർദീൻ സുഗന്ധതൈലവുമായി ഒരു സ്ത്രീ അവിടെ വന്നു. അവൾ ഭരണിതുറന്ന് അത് അവന്റെ ശിരസിൽ ഒഴിച്ചു. തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങൾ തുടയ്ക്കുകയും ചെയ്തു. തൈലത്തിന്റെ പരിമളം കൊണ്ട് വീടു നിറഞ്ഞു. അവിടെയുണ്ടായിരുന്നവരിൽ ചിലർ അമർഷത്തോടെ പരസ്പരം പറഞ്ഞു. തൈലം പാഴാക്കി കളഞ്ഞതെന്തിന്. മുന്നൂറിലധികം ദനാറായ്ക്കു വിറ്റ് ദരിദ്രർക്കു കൊടുക്കാമായിരുന്നല്ലോ. അവർ അവളെ കുറ്റപ്പെടുത്തി. യേശു പറഞ്ഞു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. ലോകത്തിലെവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവൾ ചെയ്ത  കാര്യങ്ങൾ അവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും. (മർക്കോ. 14: 3-9), (യോഹ. 12:1-8) ഇവിടെ മിശിഹാ പറയുക, സുവിശേഷപ്രഘോഷണത്തോടൊപ്പം മറിയത്തിന്റെ ബഥാനിയായിലെ തൈലാഭിഷേകവും അവളടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും എന്നാണ്. സുവിശേഷപ്രഘോഷണത്തോടു കിടപിടിക്കത്തക്കവിധം എന്തു സവിശേഷതയാണ് മേരിയുടെ പ്രവൃത്തികളിൽ അടങ്ങിയിരിക്കുന്നത്. എല്ലാ സുവിശേഷപ്രഘോഷണത്തിന്റെയും അജപാലനശുശ്രൂഷയുടെയും ആത്യന്തികലക്ഷ്യം: മനുഷ്യൻ ദൈവത്തിങ്കലേയ്ക്കു തിരിയുകയും ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്ന ദൈവപുത്രനായ മിശിഹായുടെ തൃപ്പാദത്തിങ്കൽ അവരുടെ ജീവിതം സമർപ്പണം ചെയ്യണം എന്നതാണ്. ബഥാനിയായിലെ തൈലാഭിഷേകത്തിൽ ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെട്ടു. അതാണ് മേരിയുടെ പ്രവൃത്തിയുടെ സവിശേഷത.

 എന്താണ് പാഴാക്കുക എന്ന വാക്കിന്റെ അർത്ഥം. ആവശ്യത്തിലധികം ചെലവഴിക്കുക അല്ലെങ്കിൽ അർഹിക്കുന്നതിലധികം കൊടുക്കുക. എന്നാൽ ദൈവപുത്രനായ മിശിഹാ അതർഹിക്കുന്നു അവനതിന് അർഹനാണ്. He is worthy എന്ന വിശ്വാസവും ബോധ്യവും നമുക്കുണ്ടാകണം. സാധുക്കൾക്കുവേണ്ടി ചെയ്യുമ്പോഴല്ല അവരിൽ മിശിഹായെ കണ്ടുകൊണ്ട് ചെയ്യുമ്പോഴാണ് പ്രവൃത്തികൾ നല്ല പ്രവൃത്തികൾ ആകുന്നത്. ദൈവതിരുമുമ്പിൽ ഏറ്റം വിലപ്പെട്ടത് ലൗകിക മനുഷ്യന് പാഴ് വേലയാകാം.

 പാപിനിയായ മറിയം ചെയ്ത ''നല്ല കാര്യത്തിന്റെ'' സവിശേഷത അവൾ തൈലാഭിഷേകം വഴി അവളെത്തന്നെയും അവൾക്ക് ഏറ്റം ഹൃദ്യവും ഉത്കൃഷ്ടവുമായ (The best and the dearest) തിനെ എല്ലാം അവളുടെ ആഗ്രഹത്തെയും ഈശോയുടെ തൃപ്പാദത്തിങ്കൽ ഉടച്ചൊഴിച്ചു. അവളുടെ കണ്ണുനീരുകൊണ്ട് അവിടുത്തെ തൃപ്പാദം കഴുകി. തലമുടികൊണ്ട് തുടച്ചു. ചുംബിച്ചു. ഇതാണ് യഥാർത്ഥ ആരാധന, അഭിഷേകം. ഈ അഭിഷേകത്തിൽ നിന്നും പ്രസരിച്ച ദൈവസ്‌നേ്ഹത്തിന്റെയും മാനസാന്തരത്തിന്റെയും ഹൃദ്യമായ പരിമളമാണ് നാർദീൻ സുഗന്ധതൈലത്തിലൂടെ ബഥാനിയായിലെ ഭവനത്തിൽ നിറഞ്ഞത്. ഈ പരിമളം സത്ക്കാരത്തിനു വന്ന് അലസരായി സംസാരിച്ചിരുന്നവരുടെ ശ്രദ്ധയെ മിശിഹായിലേയ്ക്ക് തിരിച്ചു വിട്ടു. മിശിഹാ ശ്രദ്ധിക്കപ്പെട്ടു. സുവിശേഷം പ്രഘോഷിക്കപ്പെട്ടു. ബഥാനിയായിലെ ഭവനത്തിൽ നിറഞ്ഞ ദൈവസ്‌നേഹത്തിന്റെയും മാനസാന്തരത്തിന്റെയും പരിമളം തിരുസഭയിൽ നിറയണം. അങ്ങനെ ലോകത്തിന്റെ ശ്രദ്ധ മിശിഹായിലേയ്ക്കും. സുവിശേഷത്തിലേയ്ക്കും തിരിയണം. ഇന്നു സാക്ഷാത്ക്കരിക്കപ്പെടുക ദിവ്യകാരുണ്യസന്നിധിയിലിരുന്ന് നിരുപാധിക സമർപ്പണത്തിലൂടെ മിശിഹായെ ആരാധിച്ച് അഭിഷേകം ചെയ്യുന്ന ബഥാനിയായിലെ മറിയത്തെപ്പോലെ ഇവർ വഴിയാണ്. ഇതുതന്നെയാണ്, Venite Adoremus, O come let us adore him വരുവിൻ നമുക്കവിടുത്തെ ആരാധിക്കാം എന്ന നിത്യാരാധന കേന്ദം വഴി നാം ലക്ഷ്യമിടുന്നത്. ''ദിവ്യകാരുണ്യ ഈശോയെ നിരന്തരം ആരാധിക്കുന്നതിനു വേണ്ടി അവന്റെ സാന്നിധ്യത്തിലുള്ള സന്തോഷത്തിലേയ്ക്ക് നമ്മെ വീണ്ടും ഉണർത്തണമേയെന്ന് ദൈവത്തോട് നമുക്കു പ്രാർത്ഥിക്കാം. നിരന്തരമായ ദിവ്യകാരുണ്യ ആരാധനയിലൂടെ അല്ലാതെ ലോകത്തെ രൂപാന്തരപ്പെടുത്തുക സാധ്യമല്ല. (പോപ്പ് ബനഡ്ക്ട് XVI)


Aug 2, 2013

Venite Adoremus, O Come Let Us Adore The Lord

വരുവിൻ നമുക്ക് അവിടുത്തെ ആരാധിക്കാം - നിത്യാരാധനാകേന്ദ്രം

''Dear brothers and Sisters - The Lord is calling me to ''climb the mountain'' to devote myself even more to prayer and meditation. We will always be close in prayer'

തിരക്കേറിയ അജപാലനശുശ്രൂഷയിൽ നിന്നും നിയമപ്രകാരം വിരമിക്കേണ്ട കാലഘട്ടത്തോട്(17-08-2013) ഞാൻ അടുക്കുമ്പോൾ ബനഡിക്ട് പതിനാറാമൻ മാർപാപ്പാ, പാപ്പാ ശുശ്രൂഷയിൽ നിന്നുമുള്ള തന്റെ വിരമിക്കൽ സന്ദേശത്തിൽ, താബോർമലയിലെ മിശിഹാനുഭവം അനുസ്മരിച്ചുകൊണ്ട് നല്കിയ സന്ദേശത്തിന്റെ പ്രസക്ത ഭാഗമാണ് എന്റെ ഓർമ്മയിൽ വരിക. ''കൂടുതൽ സമയം പ്രാർത്ഥനയിലും ധ്യാനത്തിലും മുഴുകി ജീവിക്കുവാൻ കർത്താവ് എന്നെ മലയിലേയ്ക്ക് ക്ഷണിക്കുന്നു".

താബോർ അനുഭവം പ്രാർത്ഥനയുടെ അനന്യമായ ഒരു അനുഭവത്തിന്റെ ചിത്രീകരണമാണ്. മിശിഹാ താൻ അധികം താമസിയാതെ കടന്നുപോകേണ്ട പെസഹാ അനുഭവത്തിന്റെ തീവ്രതയെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പു നല്കിയിട്ടാണ്, പത്രോസ്, യാക്കോബ്, യോഹന്നാൻ എന്ന തന്റെ മൂന്നു സന്തതസഹചാരികളായ ശിഷ്യന്മാരുമായി മലമുകളിലേയ്ക്കു പ്രാർത്ഥിക്കുവാനായി പോവുക. അവൻ അവരുടെ മുമ്പിൽ വച്ച് രൂപാന്തരപ്പെട്ടു. അവർ അവന്റെ മഹത്വം ദർശിച്ചു. പത്രോസ് യേശുവിനോടു പറഞ്ഞു. ഗുരോ നാം ഇവിടെയായിരിക്കുന്നത് നല്ലതാണ്. ഞങ്ങൾ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാം. (ലൂക്കാ 9:28-36) താബോർ മലയിൽ മഹത്തീകരിക്കപ്പെട്ട ഗുരു തന്നെയാണ് നമ്മുടെ സക്രാരിയിൽ സന്നിഹിതനായിരിക്കുന്നത്. വി. മദുബഹാ ആകുന്ന കാൽവരി മലയിൽ കൗദാശികമായി തന്റെ പീഡാസഹനവും മരണവും ഉത്ഥാനവും വഴി അഗ്നിയായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിൽ തീക്കട്ടയായി പ്രശോഭിക്കുന്ന (എസെ 6: 8) മിശിഹായാണ് അപ്പത്തിന്റെ സാദൃശ്യത്തിൽ ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുക. ദിവ്യകാരുണ്യസവിധത്തിൽ അണഞ്ഞു നാം ആരാധനയിൽ അവിടുത്തെ സാന്നിധ്യം അനുഭവിക്കുമ്പോൾ പാപത്താൽ കരിക്കട്ടയായ നാം തീക്കട്ടയായ തിരുവോസ്തിയിൽ നിന്നും തീയും ചൂടും സ്വീകരിച്ച് തീക്കനലായി മാറുകയും സുവിശേഷത്തിന്റെ പ്രകാശവും ഊർജ്ജവും ലോകത്തിനു പങ്കുവയ്ക്കുവാൻ പ്രാപ്തരാകുകയും ചെയ്യും. നാം  ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പും ആകും (മത്താ. 5:13-14).

ബനഡിക്ട് പതിനാറാമൻ പാപ്പാ പറയുന്നു, ''ആരാധനയിൽ നാം കൂദാശചെയ്ത അപ്പത്തിലേയ്ക്കു നോക്കുമ്പോൾ സൃഷ്ടിയുടെ അടയാളം നമ്മോടു സംസാരിക്കുന്നു. അവിടെ നാം ദൈവിക ദാനത്തിന്റെ മഹത്വം ദർശിക്കുന്നു. അതോടൊപ്പം മിശിഹായുടെ പെസഹാരഹസ്യം നമ്മുടെ ധ്യാന വിഷയമാകുന്നു. ആരാധനയിലെ മിശിഹായുമായുള്ള നിലയ്ക്കാത്ത ഈ കണ്ടുമുട്ടലിലൂടെ (Encounter) അവിടുന്നു നമ്മെ അവനിലേയ്ക്കും അവന്റെ രഹസ്യത്തിലേയ്ക്കും വലിച്ചാകർഷിക്കുന്നു. അതുവഴി മിശിഹാ അപ്പത്തെ തന്റെ ശരീരമായി രൂപാന്തരപ്പെടുത്തിയതുപോലെ നമ്മെയും (നമ്മിലൂടെ ലോകത്തെയും) അവനിലേയ്ക്കു രൂപാന്തരപ്പെടുത്തുന്നു. ''വരുവിൻ നമുക്കവിടുത്തെ ആരാധിക്കാം''. ദിവ്യകാരുണ്യ ആരാധനയുടെയും നിത്യാരാധനാ കേന്ദ്രത്തിന്റെയും ആവശ്യകതയും പ്രസക്തിയും ഇതിൽ നിന്നും വ്യക്തമാണല്ലോ.

പവിഴമല Pearl Mount

കാഞ്ഞിരപ്പള്ളി രൂപതയിൽ പാലപ്ര വിമലമാതാ പള്ളി ഇടവക അതിർത്തിക്കുളളിലെ ഒരു ചെറിയ കുന്നിൻ പ്രദേശമാണ് പവിഴമല അഥവാ പഴൂമല. കാഞ്ഞിരപ്പള്ളിയുടെയും കാഞ്ഞിരപ്പള്ളി രൂപതയുടെയും ആധ്യാത്മിക പൈതൃകം ഇവിടെ ആരംഭിക്കുന്നു എന്നുള്ളത് കൗതുകകരമായി തോന്നാം.

എ.ഡി. 1325-നോടടുത്ത് നിലയ്ക്കലിലെ ക്രൈസ്തവകൂട്ടായ്മയ്ക്ക് ആകസ്മികമായ തകർച്ച ഉണ്ടായപ്പോൾ നിലയ്ക്കൽ പള്ളിയുടെ അന്നത്തെ കൈക്കാരനായിരുന്ന വലിയവീട്ടിൽ ശ്രീ  തൊമ്മി എന്ന വിശ്വാസിയുടെ  നേതൃത്വത്തിൽ ഒരു സംഘം ക്രൈസ്തവർ കാഞ്ഞിരപ്പളളിക്കടുത്തുള്ള പാലപ്രയ്ക്ക് സമീപം പഴൂർത്തടം - പഴുമല എന്ന സ്ഥലത്തേയ്ക്ക് കുടിയേറി പാർത്തു. നിലയ്ക്കലിൽ നിന്ന് പലായനം ചെയ്ത ഇവർ തോമ്മാശ്ലീഹായാൽ നിർമ്മിതമായ മാതാവിന്റെ തിരുസ്വരൂപം കൊണ്ടുപോന്നു എന്നതാണ് ചരിത്രം. പവിഴമലയിൽ നിന്നും മാതാവിന്റെ തിരുസ്വരൂപം എത്രയോ കാലം കഴിഞ്ഞായിരിക്കും പഴയപള്ളിയിലേയ്ക്ക് മാറ്റിയത്.

പവിഴമല പാലപ്ര വിമലമാതാ പള്ളിയിൽ നിന്നും മൂന്നര കിലോമീറ്റർ മുതൽ അഞ്ചു കിലോമീറ്റർ വരെയുള്ള ദൂരത്തിൽ വ്യാപിച്ചുകിടക്കുന്നു. ഇവിടെ പാലപ്ര ഇടവകക്കാരായ 17 കുടുംബങ്ങൾ താമസിക്കുന്നു. പാലപ്ര ഇടവകയുടെ പന്ത്രണ്ടാം കുടുംബകൂട്ടായ്മ യൂണിറ്റ്. ഇവരെല്ലാവരും തന്നെ സാധാരണക്കാരോ അതിൽ  താഴ്ന്നവരോ ആണ്. എങ്കിലും അവരുടെ ആധ്യാത്മിക പൈതൃകത്തിന്റെ സമ്പന്നതയാകാം ഇത്രയും ദൂരം മലകൾ കയറിയിറങ്ങി ഈ പള്ളിയിൽ വന്ന് ആധ്യാത്മികജീവിതം പരിപോഷിപ്പിക്കുവാൻ അവരെ പ്രേരിപ്പിച്ചത്. ഈ പഴുമലയിൽ നാം ഉദ്ദേശിക്കുന്ന നിത്യാരാധനാകേന്ദ്രത്തിനു ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 63 സെന്റ് സ്ഥലം ഒരു പ്ലോട്ടായി കിടക്കുന്നു. ഈ സ്ഥലം പാറത്തോട് - ഈരാറ്റുപേട്ട റോഡിന് അരികിലാണ്. ഇവിടെ ആരാധനാകേന്ദ്രം സ്ഥാപിതമായാൽ ഇവിടുള്ള 17 വീട്ടുകാർക്കും നാട്ടുകാർക്കും ആധ്യാത്മിക ഉണർവിന് കേന്ദ്രമായി തീരും. അതിലൂടെ നാടിന്റെ വികസനം ത്വരിതപ്പെടും. ഈ സംരംഭത്തിനുവേണ്ടി നിങ്ങളുടെ പ്രാർത്ഥനാ സഹായവും സഹകരണവും അഭ്യർത്ഥിക്കുന്നു. ദിവ്യകാരുണ്യ ഈശോ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

''ദിവ്യകാരുണ്യ ഈശോയെ നിരന്തരം ആരാധിക്കുന്നതിനുവേണ്ടി തന്റെ സാന്നിധ്യത്തിലുള്ള സന്തോഷത്തിലേയ്ക്ക് നമ്മെ വീണ്ടും വീണ്ടും ഉണർത്തണമെ എന്ന് ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം. നിരന്തരമായ ദിവ്യകാരുണ്യആരാധനകളല്ലാതെ ലോകത്തെ രൂപാന്തരപ്പെടുക സാധ്യമല്ല''. (Pope Benedict XVI).