Mar 23, 2013

വിശ്വാസ വര്‍ഷം VI

നോമ്പുകാലചിന്തകള്‍ - 2

മിശിഹാ ഏക രക്ഷകൻ


'വീടുപണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല്‌ മൂലക്കല്ലായിതീർന്നു; ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല'' (അപ്പ. 4: 11-12)  ''ലോകത്തിന്റെ ഏക രക്ഷകനായ കർത്താവിലേയ്ക്കുള്ള ആത്മാർത്ഥവും നവീനവുമായ മാനസാന്തരത്തിനുള്ള വിളിയാണ് വിശ്വാസവർഷം''. (വിശ്വാസത്തിന്റെ വാതിൽ - 6)

സമയത്തിന്റെ പൂർത്തിയിൽ മനുഷ്യരക്ഷയ്ക്കായി സ്വപുത്രനെ അയച്ച പിതാവായ ദൈവത്തിന്റെ സ്‌നേഹവും, തന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും രഹസ്യത്തിലൂടെ ദൈവത്തിന്റെ രക്ഷാകരപ്രവൃത്തികളും പൂർത്തിയാക്കിയ ലോകരക്ഷകനായ മിശിഹായുടെ രക്ഷാകരപ്രവൃത്തികൾ ആയിരിക്കണം നോമ്പുകാലത്ത് നമ്മുടെ ധ്യാനത്തിന്റെയും പ്രാർത്ഥനയുടെയും പ്രധാന വിഷയം. അതോടുചേർന്ന് യഥാർത്ഥമായ പ്രാർത്ഥനാചൈതന്യവും സഹോദര സ്‌നേഹവും ആത്മപരിത്യാഗവും പുലർത്തിക്കൊണ്ട് നമ്മുടെയും ലോകത്തിന്റെയും പാപത്തിന് പരിഹാരബലിയായി തീർന്ന മിശിഹായുടെ സഹനത്തിൽ പങ്കുചേർന്ന് നമ്മുടെ ആത്മവിശുദ്ധീകരണത്തിനായി നാം യത്‌നിക്കണം. അനുദിനജീവിതത്തിലെ കുരിശുകൾ സന്തോഷത്തോടെ വഹിച്ചുകൊണ്ട് മിശിഹായുടെ ബലി ജീവിതം തുടരുവാനും അതുവഴി അവിടുത്തെ ഉത്ഥാനത്തിന്റെ മഹത്വത്തിൽ പങ്കുചേരുവാനും നമുക്കു സാധിക്കും. 'നിങ്ങളുടെ പഴയ ജീവിതരീതികളിൽ നിന്നും രൂപം കൊണ്ട വഞ്ചനനിറഞ്ഞ ആസക്തികളാൽ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിൻ. നിങ്ങൾ മനസ്സിന്റെ ചൈതന്യത്തിൽ നവീകരിക്കപ്പെടട്ടെ. യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങൾ ധരിക്കുവിൻ'' (എഫേ. 4: 22-24)

സ്‌നേഹപിതാവായ ദൈവം

ദൈവം സ്‌നേഹമാകുന്നു (1 യോഹ4:8-16) അവിടുന്ന് നമ്മെ ഓരോരുത്തരേയും വ്യക്തിപരമായി സ്‌നേഹിക്കുന്ന സ്‌നേഹപിതാവാണ് (1 യോഹ 4:9-10; 19 ഏശയ്യ 49:15-16) എന്ന ബൈബിൾ സന്ദേശമാണ് ലോകം കേട്ടതിൽവച്ച് ഏറ്റവും മനോഹരമായ സന്ദേശം. The Greatest Good News the World has Ever Heard; God is Love and God loves you. ദൈവം സ്‌നേഹമാണെന്നും അവിടുന്ന് പിതാവാണെന്നും മറ്റൊരു പ്രവാചകനും മതസ്ഥാപകനും പഠിപ്പിച്ചിരുന്നില്ല. ദൈവത്തിന്റെ സ്‌നേഹമാണ് എല്ലാ നന്മയുടെയും ഉറവിടം. കാരണം സ്നേഹത്തിന്റെ കാതൽ പങ്കുവയ്ക്കലാണ്. Sharing is the heart of Love. ദൈവം തന്റെ സ്‌നേഹം പങ്കുവച്ചതാണ് പ്രപഞ്ചസൃഷ്ടി. 

പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും ദൈവത്തിന്റെ സ്‌നേഹത്തെ പ്രകീർത്തിക്കുന്നു. (സങ്കീ. 100, 104; 48, 116) മനുഷ്യനെ ദൈവം പ്രപഞ്ചത്തിന്റെ മകുടമായി സൃഷ്ടിച്ചു. ദൈവീക ജീവനിൽ അവനെ പങ്കുകാരനാക്കി. (ഉല്പ. 1: 26; 7, 2:7) ദൈവവുമായി നിരന്തരം സ്‌നേഹസമ്പർക്കത്തിലേർപ്പെടുവാൻ ദൈവം അവനെ സ്വതന്ത്രനായി സൃഷ്ടിച്ചു. ഹൃദയത്തിൽ സ്വാതന്ത്ര്യമുണ്ടെങ്കിലേ സ്‌നേഹമുള്ളൂ. സ്‌നേഹം ദൈവത്തിന്റെ ദാനമാണ്. ഈ സ്‌നേഹത്തിന് മനുഷ്യൻ സ്വതന്ത്രമായി പ്രത്യുത്തരം നൽകേണ്ടിയിരിക്കുന്നു. Love is free gift of God and  needs free response of the heart. പറുദീസായിൽ ആദിമാതാപിതാക്കൾ ദൈവവുമായി സന്തോഷത്തിൽ സഹവസിക്കുകയും  സയാഹ്നസവാരി നടത്തുകയും ചെയ്തു (ഉൽപ. 3:8) ദൈവത്തിന്റെ സ്‌നേഹമാണ് എല്ലാത്തിനും ആരംഭം കുറിക്കുന്നത്. ദൈവം സ്വർഗ്ഗം തുറന്ന് ഭൂമിയിലേയ്ക്ക് വരികയും, ദൈവത്തെ കുറിച്ചും അവിടുത്തെയ്ക്കു നമ്മെക്കുറിച്ചുമുള്ള നിലയ്ക്കാത്ത സ്‌നേഹപദ്ധതികളെക്കുറിച്ചും വെളിപ്പെടുത്തിതരികയും ചെയ്തു. ഇതാണ് വേദപുസ്തകത്തിന്റെ ഉള്ളടക്കം. ഇതാണ് ക്രൈസ്തവ ആധ്യാത്മികതയുടെ അടിത്തറ. ദൈവത്തിന്റെ വ്യക്തിപരമായ സ്‌നേഹത്തെക്കുറിച്ചും (ഏശ 49: 15-16) നമ്മെ പേരുചൊല്ലി വിളിച്ച് പരിപാലിക്കുന്ന സ്‌നേഹത്തെ കുറിച്ച് (ഏശ. 43:1-7 ; മത്താ. 6: 25-30) മറ്റുമുള്ള വേദപുസ്തകഭാഗങ്ങൾ വായിച്ച് ധ്യാനിക്കുന്നത് ദൈവസ്‌നേഹാനുഭവത്തിൽ വളരുവാൻ നമ്മെ സഹായിക്കും.

പാപം എന്ന തടസ്സം

തന്റെ ഏകപുത്രനെ നൽകുവാൻ തക്കവിധം അത്രമാത്രം ദൈവം സ്‌നേഹിച്ച ഈ ലോകത്തിനു (യോഹ 3: 16) പക്ഷേ, സ്‌നേഹത്തിന്റെ ഫലമായ സന്തോഷം സമാധാനം പ്രത്യാശ തുടങ്ങിയവ അനുഭവിക്കുവാൻ സാധിക്കുന്നില്ല. എന്നത്തേക്കാളേറെ ഇന്ന്  ലോകം കലാപകലുഷിതമാണ്, സംഘർഷപൂർണ്ണമാണ്. ധാർമ്മിക അധഃപതനമാണ് നാം എവിടെയും കാണുക. ധ്യാനപരിപാടികളുടെയും സുവിശേഷ കൺവെൻഷനുകളുടെയും  ഒരു വേലിയേറ്റം തന്നെ ഇവിടെ നടക്കുന്നുണ്ടെങ്കിലും, കണക്കുകൾ പ്രകാരം ഇവിടെ മദ്യപന്മാരും മദ്യശാലകളും ഏറിവരുന്നു. കേരളത്തിലെ ആളോഹരി മദ്യപാനം 8.5% ആണെന്ന് കണക്കുകൾ കാണിക്കുന്നു. അതിനനുസരി്ച്ച് വ്യഭിചാരപ്രവർത്തികളും ഇവിടെ ഏറിവരുന്നു. ബലാൽസംഗം കൂട്ടബലാൽസംഘം, ബാലപീഡനങ്ങളുടെയും കണക്കുകൾ അമ്പരപ്പിക്കുന്നവ തന്നെ. വിവാഹമോചനം അടിയ്ക്കടി വർത്തിച്ചുവരുന്നു. ആത്മഹത്യ, കൂട്ടആത്മഹത്യ, കൊലപാതകം, ചാവേർ ആക്രമങ്ങൾ ഭീകരപ്രവർത്തനങ്ങൾ ഇവ വഴി കൊല്ലപ്പെടുന്ന നിരപരാധികൾ, ഇവരുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നവ തന്നെ. ആശയറ്റ മനുഷ്യരിൽ നൈരാശ്യം ചേക്കേറുന്നു. ലോകം മരണം ഉറങ്ങുന്ന താഴ് വരയായി മാറുന്നു. എന്തേ ഇങ്ങനെ? ദൈവം സ്‌നേഹിക്കാത്തതുകൊണ്ടാണോ മനുഷ്യന് സ്‌നേഹം അനുഭവിക്കുവാൻ സാധിക്കാത്തത്. അല്ല, ദൈവസ്‌നേഹം അനുഭവിക്കാൻ സാധിക്കാത്ത വിധം ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയിൽ പാപം എന്ന തടസ്സം വന്നു. (ഏശ. 59: 2-8)

മനുഷ്യന്റെ പതനം

ആദം സൃഷ്ടിക്കപ്പെട്ടപ്പോൾ പാപിയോ, വിശുദ്ധനോ ആയിരുന്നില്ല. അവൻ നിർദോഷി; Innocent ആയിരുന്നു. സ്വതന്ത്രനായി സൃഷ്ടിക്കപ്പെട്ട അവന്റെ ഇച്ഛാശക്തിയുടെ ഒരു തിരഞ്ഞെടുപ്പിലൂടെ അവൻ  പരിപൂർണ്ണനാക്കപ്പെടേണ്ടിയിരുന്നു. ദൈവം അവന് ഒരു കല്പന കൊടുത്തു. ''എന്നാൽ, നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിൽ നിന്നും നീ തിന്നരുത്. തിന്നുന്ന ദിവസം നീ മരിക്കും''. (ഉത്പ. 3:17) എന്നാൽ പറുദീസായിൽ വച്ച് തിന്മയുടെ പ്രലോഭനം ഉണ്ടായപ്പോൾ ''ആ വൃക്ഷത്തിന്റെ ഫലം ആസ്വാദ്യകരവും കണ്ണിനു കൗതുകവും  അറിവേകാൻ കഴിയുമെന്നതിനാൽ  അഭികാമ്യമാണെന്നും കണ്ടു. അവൾ അത് പറിച്ചുതിന്നു. ഭർത്താവിനും കൊടുത്തു. (ഉത്പ. 3:6) (പാപം പങ്കാളിയെ തേടുന്നു). പാപത്തിന്റെ നൈമിഷികസുഖത്തിനുവേണ്ടി (Fleeting/Criminal joy of sin) ദൈവത്തെയും ദൈവത്തിന്റെ കല്പനയെയും  സൗകര്യപൂർവ്വം മറന്ന അവർ പാപം ചെയ്തു. മനുഷ്യകുലത്തിന്റെ തകർച്ചയ്ക്കു വഴിയൊരുക്കി. ദൈവസാന്നിധ്യം അവർക്ക് അരോചകമായി. അവർ പരസ്പരം പഴിചാരി. പാപം മൂലം പ്രപഞ്ചത്തിന്റെ തന്നെ താളം തെറ്റി. (cosmic dimensions of sin) മനുഷ്യകുലം മരണത്തിലേയ്ക്കു നടന്നുനീങ്ങുന്ന പഥിക സംഘമായി മാറി. (ഉത്പ. 3:8-19). ദൈവകല്പനയുടെ ലംഘനമാണ് പാപം. ''പാപം ചെയ്യുന്നവൻ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ്. പാപത്തിന്റെ വേതനം മരണമാണ്. (റോമ. 6:22) പാപം ചെയ്യുന്നവൻ പാപത്തിന്റെ അടിമയാണ് (യോഹ 8:34). ആദിമപിതാക്കളുടെ പാപത്തിന്റെ ഫലമായി മനുഷ്യകുലം പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലേയ്ക്ക് അധഃപതിച്ചു.

പാപത്തിന്റെ ഫലം

(റോമ 3:23) എല്ലാവരും പാപം ചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി. (റോമ 3:9-18) എല്ലാവരും പാപികൾ
പാപത്തിൽ അധഃപതിച്ച മനുഷ്യപ്രകൃതിയുടെ പ്രത്യേകതകൾ:
1) റോമ 6:6 'പാപവിധേയമായ ശരീരം'' Sinful Nature
2) റോമ 7:24 'മരണവിധേയമായ ശരീരം A Body of Death

ജന്മപാപം

'ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു'' (ഉത്പ. 3:26-27). ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു. സന്താനപുഷ്ടി ഉള്ളവരായി പെരുകുവിൻ. ഭൂമി നിറഞ്ഞ് അതിനെ കീഴടക്കുവിൻ'' (ഉത്പ 1:28) ദൈവം അനുഗ്രഹിച്ചതനുസരിച്ച് ലോകം മുഴുവൻ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും ഉള്ള സന്തതികളെകൊണ്ടു നിറയേണ്ടതാണ്. (ഉത്പ 3:1-2) ''എന്നാൽ ആദത്തിനു 130 വയസ്സായപ്പോൾ അവന്റെ (പാപത്തിന്റെയും മരണത്തിന്റെയും അടിമത്തതിലായ) സാദൃശ്യത്തിലും ഛായയിലും ഒരു പുത്രൻ ജനിച്ചു''. ''ഒരു മനുഷ്യൻ മൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു'' നാമെല്ലാവരും ജന്മനാ പാപികളാണ്. ജന്മപാപം (ref. റോമ 5:12-21) പാപത്തോടെയാണ് ഞാൻ പിറന്നത്. അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ ഞാൻ പാപിയാണ്. (സങ്കീ. 61: 5)

പാപത്തിന്റെ അടിമത്തത്തിൽ ജനിക്കുന്ന മനുഷ്യന്റെ പ്രകൃതി പാപവിധേയമാണ്. (Sinful nature) മനുഷ്യൻ സ്വഭാവികമായി തിന്മയിലേയ്ക്ക് ചാഞ്ഞിരിക്കുന്നു. തിന്മചെയ്യുക അവനു സ്വാഭാവികമാണ്(ഭാവാത്മകം) To Sin is Positive to his Nature. നന്മ ചെയ്യുക അവനു നിഷേധാത്മകമാണ്. To do Good is Negative to his Nature. വി. പൗലോസ്, മിശിഹായെ കണ്ടെത്തുന്നതിനുമുമ്പുള്ള തന്റെ അനുഭവം റോമ 7: 15 മുതൽ 19 വരെയുള്ള വാക്യത്തിൽ വിശദീകരിക്കുന്നുണ്ട്. ''എന്നിൽ അതായത് എന്റെ ശരീരത്തിൽ നന്മ വസിക്കുന്നില്ലെന്ന് ഞാനറിയുന്നു. നന്മ ഇച്ഛിക്കുവാൻ എനിക്കു സാധിക്കും. എന്നാൽ പ്രവർത്തിക്കുവാൻ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണ് ഞാൻ പ്രവർത്തിക്കുന്നത്. (റോമ 15:18:19). ലോകത്തിൽ തിന്മ പെരുകുന്നതിൽ അതിശയിക്കേണ്ടതില്ലയോ?  പാപവിധേയമായ ശരീരം മരണവിധേയമാണ്. പാപത്തിന്റെ ഫലം മരണമാണ്. അധാർമ്മികവും മ്ലേച്ഛവും പൈശാചികവുമായ കാര്യങ്ങളിൽ അതീവതല്പരനായി കാണുന്നവൻ ധാർമ്മികവും വിശുദ്ധവും ദൈവീകവുമായ കാര്യങ്ങളിൽ മടുപ്പുകാണിക്കുന്നു. നന്മയോടുള്ള ഈ ബലഹീനത അവനെ ആത്മാവിന്റെ മരണത്തിലേയ്ക്കു നയിക്കുന്നു. ജീവൻ നഷ്ടപ്പെട്ട ജഡത്തിന്റെ ഭാരം ചുമക്കുന്ന അവൻ ദുർഭഗനായ മനുഷ്യൻ ആയി മാറുന്നു. 

കൊല്ലപ്പെട്ടവന്റെ ശരീരം കൊലയാളിയുടെ ശരീരത്തിൽ കെട്ടിവച്ച് ശിക്ഷിക്കുന്നതു പോലെയാണിത്. ചത്ത ശരീരത്തിന്റെ കാല് കൊന്നവന്റെ കാലിനോട് ഉടൽ ഉടലിനോടും കഴുത്തു കഴുത്തിനോടും ബന്ധിച്ച് ശിക്ഷിക്കുക. കൊന്നവൻ എവിടെ പോയാലും ചത്തവനെ ചുമന്നുകൊണ്ടുപോകുന്ന ദുഃരവസ്ഥ. ആരെങ്കിലും അവനെ ബന്ധവിമുക്തനാക്കണം അല്ലെങ്കിൽ അവൻ സ്വയം ജീവൻ ഒടുക്കും. വി. പൗലോസ് അപ്പസ്‌തോലൻ തന്റെ അനുഭവസാക്ഷ്യം രേഖപ്പെടുത്തുന്നു. ''ഞാൻ ദുർഭകനായ മനുഷ്യനാണ്, മരണവിധേയമായ ശരീരത്തിൽ നിന്നും ആര് എന്നെ മോചിപ്പിക്കും. (റോമ. 7:24). പാപത്തിൽ അധഃപതിച്ച മനുഷ്യകുലത്തിന് രക്ഷകനെ ആവശ്യമുണ്ട്. 

രക്ഷകൻ : വിമോചകനുവേണ്ടിയുള്ള ദാഹം

എല്ലാകാലത്തും ജീവിച്ചിരുന്ന മനുഷ്യൻ ഒരു വിമോചകനുവേണ്ടി ദാഹിച്ചിരുന്നു. ആകാംക്ഷയോടെ കാത്തിരുന്നു. ഈ ദാഹത്തിന്റെയും കാത്തിരിപ്പിന്റെയും പ്രതിഫലനമാണ് ആർഷഭാരതസംസ്‌കാരത്തിലെ താപസന്മാരുടെ പ്രസിദ്ധമായ മന്ത്രങ്ങളിൽ പ്രതിധ്വനിക്കുന്നത്. തമസോമ ജ്യോതിർ ഗമയാ - അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേയ്ക്ക്, അസതോമാ സത്ഗമയാ - അസത്യത്തിൽ നിന്നും സത്യത്തിലേയ്ക്കും -മൃത്യോമാ അമൃതം ഗമയാ - മരണത്തിൽ നിന്നും മരണമില്ലായ്മയിലേയ്ക്കും നയിക്കണമേ എന്ന് അവർ നിരന്തരം പ്രാർത്ഥിച്ചിരുന്നു. അവരുടെ തപസിലും പ്രാർത്ഥനയിലും അവർ കണ്ടെത്തിയത് തങ്ങൾ അന്ധകാരത്തിന്റെയും അസത്യത്തിന്റെയും മരണത്തിന്റെയും പിടിയിൽ ആണെന്നും മോചനം ആവശ്യമാണെന്നുമുള്ള യാഥാർത്ഥ്യമാണ്. എന്നാൽ അവര്ക്ക് വിമോചകനെ -രക്ഷകനെ- കണ്ടെത്താനായില്ല. 

മനഃസാക്ഷിയുടെ നൈസർഗീക വാസന

പാപം ചെയ്ത് മനഃസാക്ഷിയുടെ ഭാരം കൂടിയ മനുഷ്യന്റെ മരണവക്രത്തിൽ നിന്നും  മോചനം പ്രാപിക്കുവാനുള്ള നൈസർഗീക വാസനയാണ് അവനെ പാപമോചനത്തിനുതകും എന്നു തോന്നിക്കുന്ന സ്വഭാവിക ഉറവിടങ്ങൾ തേടിപോകുവാൻ പ്രേരിപ്പിക്കുന്നത്. ശബരിമല, ത്രിവേണി സംഗമം, ഗംഗാജലസ്‌നാനം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്കും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള ആൾ ദൈവങ്ങളുടെ പക്കലേയ്ക്കും ഉള്ള വർദ്ധിച്ച ജനപ്രവാഹം പാപം ചെയ്ത് മനുഷ്യമനസാക്ഷിയുടെ ഭാരം വർദ്ധിക്കുന്നതിന്റെയും അതിൽ നിന്നും മോചനം നേടാനുള്ള മനുഷ്യന്റെ ആത്മദാഹത്തിന്റെയും പ്രതിഫലനമാണ് .

ആർക്കാണ് മനുഷ്യകുലത്തെ ഈ ദുരവസ്ഥയിൽ നിന്നും മോചിപ്പിക്കുവാൻ സാധിക്കുക? പാപം ചെയ്യാത്തവനു മാത്രമേ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽ നിന്നും മനുഷ്യകുലത്തെ മോചിപ്പിക്കുവാൻ സാധിക്കുകയുള്ളൂ. ''എല്ലാവരും പാപം ചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി'' (റോമ 3 :23) എല്ലാവരും പാപികൾ (റോമ. 3: 9-18), ദൈവപുത്രനായ ഈശോമിശിഹായ്ക്ക് മാത്രമേ നമ്മെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽ നിന്നും മോചിപ്പിക്കുവാൻ സാധിക്കുകയുള്ളൂ. കാരണം, അവിടുന്നു പറയുന്നു ''നിങ്ങളിൽ ആർക്ക് എന്നിൽ പാപം തെളിയിക്കാൻ സാധിക്കും'' (യോഹ. 8 :46).
യേശു പ്രതിവചിച്ചു; സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു. പാപം ചെയ്യുന്നവൻ പാപത്തിന്റെ അടിമയാണ്. അടിമ എക്കാലവും ഭവനത്തിൽ വസിക്കുന്നില്ല, പുത്രനാകട്ടെ, എക്കാലവും വസിക്കുന്നു. അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകും'' (യോഹ. 8: 34-36).

രക്ഷകനെ വാഗ്ദാനം ചെയ്യുന്നു

പറുദീസായിൽ  തിന്മയുടെ പ്രേരണയ്ക്കു വഴങ്ങി മനുഷ്യൻ ദൈവകല്പന ലംഘിച്ചു, പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലായ അവസരത്തിൽ സ്‌നേഹപിതാവായ ദൈവം മനുഷ്യന് രക്ഷകനെ വാഗ്ദാനം ചെയ്തു. "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയിയും അവന്റെ സന്തതിയിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും, അവൻ നിന്റെ തല തകർക്കും. നീ അവന്റെ കുതികാലിൽ പരുക്കേല്പിക്കും". (ഉത്പ. 3: 15). എന്നാൽ കാലത്തിന്റെ പൂർണ്ണതയിൽ ദൈവം തന്റെ പുത്രനെ അയച്ചു. അവൻ സ്ത്രീയിൽ നിന്നും ജാതനായി. നിയമത്തിന് അധീനനായി ജനിച്ചു. അങ്ങനെ നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവൻ നിയമത്തിന് അധീനനായിക്കഴിഞ്ഞവരെ വിമുക്തരാക്കി" (ഗലാ. 4: 5). ദൈവപുത്രൻ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലായ മനുഷ്യപ്രകൃതിയെ സ്വീകരിച്ച് പരിപൂർണ്ണ മനുഷ്യനായി ജീവിക്കുകയും തന്റെ രക്ഷാകര പ്രവർത്തനത്തിലൂടെ മനുഷ്യകുലത്തിന്റെ രക്ഷ സാധിക്കുകയും ചെയ്തു. 

മിശിഹാ ഏക രക്ഷകൻ

''വീടു പണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല'' (അപ്പ. 4: 11-12) ദൈവപുത്രനായ മിശിഹാ മാത്രമാണ് മനുഷ്യകുലത്തിന്റെ ഏകരക്ഷകൻ എന്ന് ആദിമക്രൈസ്തവർ പൂർണ്ണമായ വിശ്വസിക്കുകയും അത് അവര് ധൈര്യപൂർവ്വം പ്രഘോഷിക്കുകയും ചെയ്തിരുന്നു. 

മിശിഹാതന്നെ സാക്ഷ്യപ്പെടുത്തുന്നു

(യോഹ. 4 :10) യേശു അവളോടു പറഞ്ഞു: ദൈവത്തിന്റെ ദാനം എന്തെന്നും എനിക്ക് കുടിക്കാൻ തരിക എന്ന് നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കിൽ നീ അവനോടു ചോദിക്കുകയും അവൻ നിനക്ക് ജീവജലം നല്കുകയും ചെയ്യുമായിരുന്നു''.

(യോഹ. 4: 13-14) യേശു പറഞ്ഞു:  ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും എന്നാൽ ഞാൻ നല്കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ദാഹിക്കുകയില്ല. ഞാൻ നല്കുന്ന ജലം അവനിൽ നിത്യജീവനിലേയ്ക്കു നിർഗ്ഗളിക്കുന്ന അരുവിയാകും. 

(യോഹ 7: 37-38) ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ പക്കൽവന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന് വി. ലിഖിതം പ്രസ്താവിക്കുന്നതുപോലെ ജീവജലത്തിന്റെ അരുവികൾ ഒഴുകും.

(യോഹ. 10: 12) മോഷ്ടിക്കുവാനും കൊല്ലുവാനും നശിപ്പിക്കുവാനും ആണ് കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുവാനുമാണ്. 

(യോഹ. 14: 6) വഴിയും സത്യവും ജീവനും ഞാനാണ്. എന്നിൽ കൂടെയല്ലാതെ ആരും പിതാവിന്റെ പക്കലേയ്ക്കു വരുന്നില്ല. 

(യോഹ 5: 11-12) 'ദൈവം നമുക്കു നിത്യജീവൻ നല്കി. ഈ ജീവൻ അവിടുത്തെ പുത്രനിലാണ്. പുത്രനെ സ്വന്തമായിക്കാണുന്നവൻ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. പുത്രനെ സ്വന്തമാക്കാത്തവന് ജീവനില്ല''. 

നിർദ്ദേശങ്ങൾ

''കർത്താവായ യേശുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും" (അപ്പ. 16 :31)

'ദൈവത്തിൽ വിശ്വസിച്ചതുകൊണ്ട് അവനും കുടുംബാംഗങ്ങളും അത്യന്തം ആനന്ദിച്ചു'' (അപ്പ. 16 :34).



..................................................................................................................................................


No comments:

Post a Comment